പാലക്കാട്: കൊച്ചിയില്‍ ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65കാരന്‍ അമീബിക് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറില്‍ 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം സംസ്ഥാനത്തൊട്ടാകെ മരിച്ചത്. 65 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗ കണക്കാണ് ഒക്ടോബറിലേത്.
വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന രോഗബാധയായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം. എന്നാല്‍ അടുത്ത കാലത്തായി രോഗബാധ സംസ്ഥാനത്തൊട്ടാകെ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കടുത്ത ആശങ്കയുയരുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയും നീന്തുകയും ചെയ്യുന്നവരിലായിരുന്നു നേരത്തേ രോഗബാധ കണ്ടെത്തിയതെങ്കില്‍ ഇപ്പോള്‍ വീട്ടിലെ കിണറില്‍ നിന്നുപോലും രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും വലിയ പ്രതസന്ധിയായിരിക്കയാണ്.
Prathinidhi Online