പാലക്കാട്: മുന്‍ഗണന(പി.എച്ച്.എച്ച്-പിങ്ക്) കാര്‍ഡിന് അര്‍ഹതയുള്ള റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള തിയ്യതി നീട്ടി. ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ചു മണി വരെ അക്ഷയ കേന്ദ്രം വഴിയോ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. പിങ്ക് വിഭാഗത്തില്‍ ഒരുലക്ഷത്തിലധികം ഒഴിവുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ എം എസ് ഭവനപദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/വര്‍ഗ ഉന്നതികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷയില്‍ വിവരം നല്‍കുന്നതിനോടൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍, പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായനികുതി ഒടുക്കുന്നവര്‍, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗമായ ടാക്‌സി ഒഴികെയുള്ളവര്‍), കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തില്‍ നിന്നോ 25000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതയുണ്ടാവില്ല. പാര്‍ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ശനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
Prathinidhi Online