കുഷ്ഠരോഗ നിര്‍ണയം: വീടുകള്‍ കയറിയുള്ള അശ്വമേധം ക്യാമ്പയിന് ജില്ലയില്‍ തുടക്കം

പാലക്കാട്: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘അശ്വമേധം 7.0’ ക്യാമ്പയിന് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ഏഴാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.പി. സുമോദ് എം.എല്‍.എ നിര്‍വ്വഹിച്ചു. കുഷ്ഠരോഗം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും അറിവില്ലായ്മയും തെറ്റിദ്ധാരണയും മൂലം രോഗബാധിതര്‍ ഇന്നും സമൂഹത്തില്‍ അവഗണന നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികള്‍ അതിജീവിച്ച്, സമൂഹത്തിലെ
രോഗബാധിതരെ കണ്ടെത്തി അവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) മേല്‍നോട്ടത്തില്‍ ജനുവരി 7 മുതല്‍ 20 വരെ ജില്ലയില്‍ കുഷ്ഠരോഗം നിര്‍ണ്ണയിക്കുന്നതിനായി ഭവന സന്ദര്‍ശന ക്യാമ്പയിന്‍ നടക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും ജില്ലയിലെ മുഴുവന്‍ വീടുകളിലുമെത്തി ത്വക്ക് പരിശോധന നടത്തും. കൂടുതല്‍ വിദഗ്ദ്ധ പരിശോധന ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കും.

തരൂര്‍ കെ.പി. കേശവമേനോന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണന്‍ അധ്യക്ഷനായി. ജില്ലാ മാസ്മീഡിയ വിഭാഗം തയ്യാറാക്കിയ കുഷ്ഠരോഗ ബോധവത്ക്കരണ വീഡിയോ തരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗംഗാദേവി പ്രകാശനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വിഷ്ണു അശ്വമേധം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. രാജലക്ഷ്മി അയ്യപ്പന്‍ വിഷയാവതരണം നടത്തി. തരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രാജേഷ്, വാര്‍ഡ് അംഗം എസ്.രാജേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി. വി റോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ രജീന രാമകൃഷ്ണന്‍, രജിത പി.പി, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.കെ മനോജ് കുമാര്‍ പഴമ്പാലക്കോട് സി.എച്ച്.സി. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഷാജി എന്നിവര്‍ സംസാരിച്ചു.

ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഓഡിറ്റോറിയത്തിന് സമീപത്തുള്ള വീടുകളില്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന ഫ്‌ളാഷ് കാര്‍ഡ് പ്രദര്‍ശിപ്പിച്ചു കൊണ്ട് അശ്വമേധം 7.0 ക്യാമ്പയിന്‍ സന്ദേശം നല്‍കി. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പഴമ്പാലക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ബോധവത്കരണ നാടകവും ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. പഴമ്പാലക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആശാപ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവര്‍ പങ്കെടുത്തു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …