പാലക്കാട്: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യ(31)യുടെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം. രാംനാരായണിന്റെ കുടുംബവുമായി പാലക്കാട് ആര്‍ഡിഒ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. ഈ ആവശ്യവും ജില്ലാ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് രാംനാരായണിന്റെ മൃതദേഹം. ഛത്തീസ്ഗഡില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബം കേരളത്തിലെത്തിയിട്ടുണ്ട്.
രാംനാരായണിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാംനാരായണിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ചിലവ് വഹിക്കാന്‍ ഡിസിസിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെട്ടു പോകാനുള്ള സമയം പോലീസ് നല്‍കിയെന്നും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസിനറിയാമെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ പറഞ്ഞു. പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും തങ്കപ്പന്‍ കുറ്റപ്പെടുത്തി. പ്രതിപ്പട്ടികയിലുള്ള 15 പേരില്‍ 14 പേരും ബിജെപി അനുഭാവികളും ഒരാള്‍ സിപിഐഎം അനുഭാവിയുമാണെന്നും എ തങ്കപ്പന്‍ പറഞ്ഞു.
Prathinidhi Online