വാളയാര്‍: അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് സ്വദേശി എം.ഷാജി (38) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 8 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി 7 പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്നും മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു.
ഡിസംബര്‍ 17ന് ഉച്ചയോടെയാണ് മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണ്‍ ഭാഗേലിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ രാംനാരായണിനെ മണിക്കൂറുകള്‍ കഴിഞ്ഞാണ് വൈദ്യസഹായം ലഭ്യമാക്കിയത്. രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചു. കേസില്‍ ആദ്യം അറസ്റ്റിലായ 5 പേരേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇദ്ദേഹത്തിന് മര്‍ദ്ദനമേറ്റ കിഴക്കേ അട്ടപ്പള്ളം, മാതാളിക്കാട്, ആശുപത്രിയിലേക്ക് കൊണ്ടുപോയ അട്ടപ്പള്ളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടന്നിരുന്നു.
അതേസമയം മര്‍ദ്ദനത്തിന് ശേഷം രാമനാരായണ ഭാഗേലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയവരില്‍ പ്രതിപ്പട്ടികയിലുള്ള ചിലരും ഉണ്ടായിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. അടിയേറ്റ് അവശനിലയില്‍ കിടന്ന ഭാഗേലിനെ താങ്ങിയെടുക്കാനും ആംബുലന്‍സില്‍ കയറ്റാനും പോലീസിനൊപ്പം പ്രതികളുമുണ്ടായിരുന്നു. എന്നാല്‍ രാംനാരായണ്‍ മരിച്ചതോടെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പാലക്കാട് നിന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ പെടുകയായിരുന്നു.
Prathinidhi Online