കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന വിലക്ക് 10ന് നിലവില്‍ വരുമ്പോള്‍ നിര്‍ജീവമാകാന്‍ പോകുന്നത് ലക്ഷക്കണക്കിന് അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയയില്‍ വരാന്‍ പോകുന്നത്. വിലക്ക് മറികടന്നാല്‍ 4.95 കോടി ഓസ്‌ട്രേലിയന്‍ ഡോളറാണ് പിഴ.
സോഷ്യല്‍ മീഡിയകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്ക് കൊണ്ടുവരുന്നത്. ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. നിരോധനം വരുന്നതോടെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും. 2024 നവംബറിലാണ് നിരോധനം സംബന്ധിച്ച നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ മിനിമം ഏജ് ബില്‍ എന്ന് പേരിട്ട ബില്‍ 2024 നവംബര്‍ 24ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി. തുടര്‍ന്ന് 2024 ഡിസംബര്‍ 10ന് ബില്ലിന് ഗവര്‍ണര്‍ ജനറലിന്റെ അനുമതിയും ലഭിച്ചു.
ഓസ്‌ട്രേലിയന്‍ ജനതയുടെ നല്ലൊരു ശതമാനവും സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും സര്‍ക്കാര്‍ നടപടി വലിയ തിരിച്ചടിയാണ്.
Prathinidhi Online