പക്ഷിപ്പനി: ആലപ്പുഴയിലും പത്തനംതിട്ടയിലും ചിക്കനും മുട്ടയും വില്പനയ്ക്ക് നിരോധനം, ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി. ജില്ല കലക്ടർമാരാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവിന് പിന്നാലെ ഹോട്ടലുകൾ അടച്ചിടാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കലക്ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തും.

കോഴിയിറച്ചി, മുട്ട എന്നിവകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ വിൽപ്പന നടത്തരുത് എന്നായിരുന്നു ഉത്തരവിൽ. ഫ്രോസൺ ചിക്കൻ പാകം ചെയ്യാനുള്ള അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച്  കലക്ടറുമായി പ്രതിനിധികൾ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലാണ് പക്ഷിപ്പനി പടരുന്നതായി ശ്രദ്ധയിൽ പെട്ടത്. ഇവിടെ കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചിയുടെയും മുട്ടയുടെയും വില്പന നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് വളർത്തുപക്ഷികൾ, ഫ്രോസൺ മീറ്റ് എന്നിവയുടെ വില്പനയും നിരോധിച്ചു. പക്ഷികളുടെ കാഷ്ഠം വളമായി കടത്താൻ പാടില്ലെന്നും ഉത്തരവിട്ടിട്ടുണ്ട്. ഡിസംബർ 28 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …