ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളിലായി 13785 വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുക. അസുഖബാധ സ്ഥിരീകരിച്ച പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്.

ഇന്ന് അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും നാളെ കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തും. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തില്‍ 3544 വളര്‍ത്തു പക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തില്‍ 150 വളര്‍ത്തു പക്ഷികളും, കരുവാറ്റ പഞ്ചായത്തില്‍ 6633 വളര്‍ത്തു പക്ഷികളും, പള്ളിപ്പാട് പഞ്ചായത്തില്‍ 3458 വളര്‍ത്തു പക്ഷികളും ഉള്‍പ്പെടെ ഏകദേശം 13785 വളര്‍ത്തു പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്. പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിങ്ങ് പൂര്‍ത്തിയായി 3 മാസത്തേക്ക് പക്ഷികളെ വളര്‍ത്താന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …