ആലപ്പുഴ: സംസ്ഥാനത്ത് ആശങ്കയായി പക്ഷിപ്പനി. ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് പ്രേദശങ്ങളിലും കണ്ണൂരിലെ ഇരിട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥിരീകരിച്ചു. കാക്കകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമേ എറണാകുളം ജില്ലയില്‍ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയില്‍ കോഴികളിലും രോഗബാധ കണ്ടെത്തിയത് ആശങ്കയായിട്ടുണ്ട്. കാക്കകളില്‍ രോഗബാധ കണ്ടെത്തിയത് ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. കള്ളിങ് (ശാസ്ത്രീയ കൊന്നൊടുക്കല്‍) ഉള്‍പ്പെടെയുള്ളവ കാക്കകളില്‍ സാധ്യമാകില്ല എന്നത് രോഗബാധ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാണ്. 2024ലാണ് ആദ്യമായി കാക്കകളില്‍ രോഗബാധ കണ്ടെത്തുന്നത്.
മുഹമ്മ, കോടംതുരുത്ത് പഞ്ചായത്തുകളിലെ 13ാം വാര്‍ഡുകളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ അതിസുരക്ഷ പക്ഷിരോഗ നിര്‍ണയ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇരിട്ടിയിലെ എടക്കാനത്ത് ഒരുമാസം മുന്‍പ് സമാന രീതിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണിരുന്നു. ഇതും പക്ഷിപ്പനിമൂലമാണെന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്.
എറണാകുളത്ത് രാമമംഗലം പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ ദേശാടനപ്പക്ഷികളില്‍ രോഗം കണ്ടെത്തി. കോട്ടയത്ത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡിലാണ് കോഴികളില്‍ അസുഖം കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഴിഞ്ഞമാസം അവസാനത്തോടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധമൂലം ചത്ത പക്ഷികളെ ആഴത്തില്‍ സംസ്‌കരിക്കുക മാത്രമാണ് നിലവില്‍ ചെയ്യാനാകുന്നത്. പക്ഷികളില്‍ പെട്ടെന്നുള്ള മരണം, അസ്വാഭാവിക മരണനിരക്ക് എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Prathinidhi Online