പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനും കാളാടിത്തറ സ്വദേശിയുമായ അശ്വിന്‍ രാജാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. 13 വയസ്സില്‍ താഴെയുള്ള പത്തോളം കുട്ടികളാണ് കരോളുമായി പോയിരുന്നത്.
കുട്ടികള്‍ ഉപയോഗിച്ചിരുന്നത് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ബാന്റുപകരണങ്ങള്‍ ആയിരുന്നു. കുട്ടികള്‍ ഇവിടെ നിന്നും ഉപകരണങ്ങള്‍ കടം വാങ്ങിയാണ് പരിപാടിക്കെത്തിയിരുന്നത്. ബാന്റില്‍ സിപിഎം എന്ന് എഴുതിയിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികളെ ഇതും പറഞ്ഞ് പ്രതി ചോദ്യം ചെയ്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ആള്‍ക്കൂട്ട ആക്രമണത്തില്‍ ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണ ഭയ്യ (31) കൊല്ലപ്പെട്ടതും പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളം എന്ന സ്ഥലത്താണ്. കേസിലെ പ്രതിപ്പട്ടികയിലുള്ളവര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയില്‍ സംഘപരിവാര്‍ സംഘടനകളിലുള്ളവരുടെ നേതൃത്വത്തില്‍ രണ്ടാമത്തെ ആക്രമണം നടക്കുന്നത്.
Prathinidhi Online