കൊച്ചി: ബസ്സുകളിലെ സംവരണ സീറ്റുകളില്‍ അര്‍ഹരെ പരിഗണിക്കാതെ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്കുള്ള പണി എംവിഡി വഴി വരുന്നുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ ഇവര്‍ക്ക് വിട്ടു നല്‍കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ ‘കണ്ടക്ടര്‍’ വേഷമിടാനൊരുങ്ങുകയാണ്. ബസിലെ യഥാര്‍ത്ഥ കണ്ടക്ടര്‍ ഇത്തരം പ്രവൃത്തികള്‍ ചോദ്യം ചെയ്തില്ലെങ്കില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്താനും പരിശോധന ശക്തമാക്കാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ആഴ്ചകള്‍ക്ക് മുന്‍പ് മുതിര്‍ന്ന പൗരന്മാരുടെ സീറ്റിലിരുന്ന് യാത്ര ചെയ്ത യുവാവിനെ എഴുന്നേല്‍പ്പിച്ച് വിടാത്തതിന് കണ്ടക്ടര്‍ക്കെതിരെ 500 രൂപ പിഴയിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷാഡോ പട്രോളിങ് സംഘത്തെ വച്ച് പരിശോധന വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് എറണാകുളം ആര്‍ടിഒ കെ.ആര്‍ സുരേഷ് കുമാര്‍ പറഞ്ഞു. സീറ്റ് വിട്ടു നല്‍കാത്ത യാത്രക്കാര്‍ക്ക് പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം ബോധവല്‍ക്കരണ ക്ലാസുകളിലും പങ്കെടുക്കേണ്ടി വരും.
ഇതിനു പുറമേ കണ്ടക്ടര്‍മാര്‍ നെയിംപ്ലേറ്റ് ധരിക്കണമെന്ന നിര്‍ദേശവും നിര്‍ബന്ധമാക്കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക എന്ന നിര്‍ദേശത്തോടെയാണ് ഇവ നടപ്പിലാക്കുന്നത്. അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ പരാതിപ്പെടുമ്പോള്‍ ബസിലെ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാന്‍ ഉപകരിച്ചേക്കും എന്നതിനാലാണ് കണ്ടക്ടര്‍മാര്‍ക്ക് നെയിംപ്ലേറ്റ് വേണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.
Prathinidhi Online