പാലക്കാട്: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദലായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ആശങ്ക. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ 22 ലക്ഷത്തോളം പേരില്‍ നല്ലൊരു ശതമാനം ആളുകളും പദ്ധതിയില്‍ നിന്നും പുറത്തു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തില്‍ 100 ദിവസത്തിന് പകരം 125 ദിവസം തൊഴില്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ 100 ദിവസം പോലും തൊഴില്‍ ദിനങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നു കഴിഞ്ഞു.
പദ്ധതി നടപ്പാക്കുന്ന ഗ്രാമീണ മേഖലകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്യുമെന്നാണ് പുതിയ പദ്ധതിയിലെ നിബന്ധനകളിലൊന്ന്. കാര്‍ഷിക സീസണില്‍ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്നതാണ് മറ്റൊരു നിബന്ധന. ഇത്തരം കടുത്ത നിബന്ധനകള്‍ നടപ്പില്‍ വരുന്നതോടെ ഫലത്തില്‍ തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞേക്കുമെന്നാണ് ആശങ്ക. മാത്രമല്ല പദ്ധതിയുടെ ഉപഭോക്താക്കളായ വലിയൊരു വിഭാഗത്തിന് തൊഴില്‍ ദിനങ്ങളും നഷ്ടപ്പെട്ടേക്കും.
പദ്ധതി ചിലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്നതാണ് മറ്റൊരു നിബന്ധന. നിലവില്‍ 4000 കോടിയോളമാണ് തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്നത്. കേരളത്തിന്റെ പദ്ധതി വിഹിതം കൂട്ടണമെന്ന നിബന്ധന വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കടക്കെണിയിലുള്ള സംസ്ഥാനത്തിന് 1600 കോടി രൂപ പദ്ധതിയിലേക്കായി മുടക്കേണ്ടി വരിക എന്നത് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇതിനു പുറമേ ഉപാധികളോടെ മാത്രമേ കേന്ദ്ര ഫണ്ട് ഇനി നല്‍കൂ എന്നതും വെല്ലുവിളിയാകും. പദ്ധതിക്ക് അധികമായി വരുന്ന തുക സംസ്ഥാനം കണ്ടെത്തണം. വേതനം വൈകിയാല്‍ നഷ്ടപരിഹാരവും തൊഴില്‍ ഇല്ലെങ്കില്‍ അലവന്‍സും പൂര്‍ണമായും വഹിക്കേണ്ടതും സംസ്ഥാനമാണ്. കേന്ദ്ര-സംസ്ഥാന വിഹിതം കുടിശ്ശികയായാല്‍ തൊഴിലുറപ്പ് പദ്ധതി തന്നെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.
Prathinidhi Online