ചാമ്പ്യന്‍സ് ബോട്ട് ലീഗ്; അഴിക്കോടന്‍ അച്ചാംതുരുത്തി ജേതാക്കള്‍

കണ്ണൂര്‍: ഐപിഎല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ (സിബിഎല്‍) അഴിക്കോടന്‍ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ നടന്ന മത്സരത്തില്‍ 15 ചുരുളന്‍ വള്ളങ്ങളാണ് അണിനിരന്നത്. സിബിഎലിന്റെ അഞ്ചാം പതിപ്പിലെ മലബാര്‍ മേഖലാ മത്സരമാണ് നടന്നത്. ടൂറിസം വകുപ്പ് മന്ത്രി എ.മുഹമ്മദ് റിയാസാണ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തത്.

അഴീക്കോടന്‍ അച്ചാംതുരുത്ത് 1:54.221 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ വയലക്കര വെങ്ങാട്ട് ബോട്ട് ക്ലബ്ബ് (1:54.611) മിനിറ്റില്‍ ഫിനിഷ് ചെയ്തു. പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം (1:56.052) മൂന്നാം സ്ഥാനം നേടി. മൂന്ന് വള്ളങ്ങള്‍ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്‌സ് മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ഫൈനല്‍ മത്സരം.

ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി നൂതന സംരംഭങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സിബിഎലിന്റെ മലബാര്‍ മേഖലാ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. കേരളത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് വള്ളംകളിയെന്നും ഓരോ സീസണിലും ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിപുലീകരിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നതെന്നും അധ്യക്ഷപ്രസംഗത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …