മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; മാതാപിതാക്കള്‍ക്കും പ്രതിശ്രുത വരനുമുള്‍പ്പെടെ കേസ്

മലപ്പുറം: 14കാരിയെ ശൈശവ വിവാഹത്തിന് ഇരയാക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം ശനിയാഴ്ച നടന്നിരുന്നു. വിവരം ഉടന്‍തന്നെ പരിസരവാസികള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 14കാരിയെ പ്രായപൂര്‍ത്തിയായ യുവാവാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

വിവാഹനിശ്ചയം നടക്കുന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ക്കും പ്രതിശ്രുത വരനും ഇയാളുടെ കുടുംബത്തിനുമെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു പുറമെ ചടങ്ങില്‍ പങ്കെടുത്ത പത്തോളം ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരിസരവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ വന്ന ശേഷം അടുത്ത കാലത്തായി ഇത്തരം കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനിടയിലാണ് പുതിയ സംഭവം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …