പാലക്കാട്: കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-25 വര്‍ഷത്തില്‍ ജനുവരി 15 വരെമാത്രം 18 ശൈശവ വിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. 2023-24 വര്‍ഷത്തില്‍ 14ഉം, 2022-23 വര്‍ഷത്തില്‍ 12ഉം ശൈശവ വിവാഹങ്ങള്‍ നടന്നു. ഈ വര്‍ഷത്തില്‍ നടന്ന 18 ശൈശവ വിവാഹങ്ങളില്‍ 10 എണ്ണവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളതാണ്. മൂന്ന് ശൈശവ വിവാഹങ്ങള്‍ മലപ്പുറത്ത് നടന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായി രണ്ട് വീതവും ആലപ്പുഴ, വയനാട് ജില്ലകളിലായി ഒന്നുവീതവും വിവാഹങ്ങളാണ് നടന്നത്.
ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനം ഏറെ മുന്നോട്ട് പോയിട്ടുണ്ട്്. 2022-23 വര്‍ഷത്തില്‍ 108 ശൈശവ വിവാഹങ്ങള്‍ ഔദ്യോഗികമായി തടഞ്ഞിട്ടുണ്ട്. 2023-24ല്‍ 52 വിവാഹങ്ങളും 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ 48 വിവാഹങ്ങളും അധികൃതര്‍ തടഞ്ഞു. ശൈശവ വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാനം ആവിഷ്‌കരിച്ച ‘പൊന്‍വാക്ക്’ പദ്ധതിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം നല്‍കും. പദ്ധതി പ്രകാരം 2022-2023 വര്‍ഷത്തില്‍ 8 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. 2023-24ല്‍ 7 കേസുകളും 2024- 25 ല്‍ 10 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരീക്ഷണം ശക്തമായതിനാലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇതിനിടയിലും ശൈശവ വിവാഹങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നത് ആശങ്കാജനകമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Prathinidhi Online