കൊച്ചി: മലയാറ്റൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വഴിത്തിരിവ്. വഴക്കിനെ തുടര്‍ന്ന് ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്ന് സുഹൃത്ത് അലന് സമ്മതിച്ചതായി പോലീസ് പറയുന്നു. മദ്യ ലഹരിയില്‍ കൃത്യം ചെയ്തെന്നും ചിത്രപ്രിയയുടെ തലയ്ക്ക് കല്ലെടുത്ത് അടിക്കുകയായിരുന്നെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്.
ബൈക്കില്‍ സുഹൃത്ത് അലന്റെ ഒപ്പം ചിത്രപ്രിയ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടതില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. വെട്ടുകല്ല് ഉപയോഗിച്ചാകാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസും. അലനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ 2 പേരാണ് കസ്റ്റഡിയിലുള്ളത്. മരണത്തിന് മുന്‍പ് ചിത്രപ്രിയയുമായി ഫോണില്‍ സംസാരിച്ചവരാണ് കസ്റ്റഡിയിലുള്ളത്.
ബാംഗ്ലൂരില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ത്ഥിയായ ചിത്രപ്രിയയെ ഞായറാഴ്ച മുതലാണ് കാണാതാവുന്നത്. അടുത്തുള്ള കടയില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ചിത്രപ്രിയ. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് മൃതദേഹം കണ്ടെത്തുന്നത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റേയും ഷിനിയുടേയും മകളാണ്.
Prathinidhi Online