സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

പാലക്കാട്: ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരന്‍ സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാന്‍ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ 12 മണിയോടെയാണ് സുഹാനെ കാണാതാകുന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ബന്ധുക്കളും 20 മണിക്കൂറിലധികം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ സുഹാന്റെ വീട്ടില്‍ നിന്നും 800 മീറ്റര്‍ അകലെയുള്ള കുളത്തിന്റെ മധ്യഭാഗത്തായി കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

കുട്ടിയുെട മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം സുഹാന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെയാണ്. രണ്ട് കുളങ്ങളും റോഡും ഒരു കനാലും കഴിഞ്ഞു വേണം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളത്തിന് അടുത്തെത്താന്‍. കനാല്‍ ഇറങ്ങി മറുകര എത്തി കുളത്തിനടുത്തെത്താന്‍ ആറുവയസ്സുകാരനായ സുഹാനെ കൊണ്ട് സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനാലില്‍ വെള്ളമില്ലെങ്കിലും കുട്ടിക്ക് എളുപ്പത്തില്‍ കനാല്‍ ഇറങ്ങി കയറാന്‍ സാധിക്കില്ലെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

സുഹാന്‍ സാധാരണയായി രണ്ട് വീടുകളില്‍ മാത്രമാണ് കളിക്കാനായി പോകാറുണ്ടായിരുന്നതെന്ന് വീട്ടുകാരും പറയുന്നു. ഈ വീടുകള്‍ക്ക് പുറത്തേക്ക് കുട്ടി ഒറ്റയ്ക്ക് പോകുന്ന ശീലമില്ല എന്നതും സംശയമുണര്‍ത്തുന്നുണ്ട്. ഇതിന് പുറമേ പോലീസ് നായ മണം പിടിച്ച് ആദ്യം പോയി നിന്നത് വീടിന് 100 മീറ്റര്‍ അകലെയുള്ള കുളത്തിലാണ്. ഇതും സംശയത്തിന് ബലം കൂട്ടുന്നുണ്ട്. മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് നാട്ടുകാരും. സാധാരണഗതിയില്‍ ഒരാള്‍ നടന്നു പോകുമ്പോള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുള്ള സ്ഥലമല്ലിതെന്നും അപകട സാധ്യതയല്ലാതെ മറ്റ് കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും ചിറ്റൂര്‍ നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് സ്ഥലം എംഎല്‍എയായ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.

ശനിയാഴ്ച 12 മണിയോടെയാണ് സുഹാനെ കാണാതാകുന്നത്. അമ്പാട്ടുപാളയം എരുമന്‍കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പദികളുടെ ഇളയ മകനാണ് സുഹാന്‍. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങി നടന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുറച്ചു സമയം കഴിഞ്ഞും കുട്ടിയെ കാണാതായതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. അധ്യാപികയായ ഇവര്‍ ജോലിയാവശ്യാര്‍ത്ഥം സ്‌കൂളില്‍ പോയതായിരുന്നു.

 

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …