സി. എം മെഗാ ക്വിസ് ജില്ലാ തല മത്സരം സമാപിച്ചു

പാലക്കാട്: കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി എം മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല മത്സരം പാലക്കാട്‌ മേഴ്സി കോളേജിൽ നടന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സ്കൂൾ വിഭാഗത്തിൽ ചിറ്റിലഞ്ചേരി എം. എൻ. കെ.എം. എച്ച്. എസ്. എസിലെ വിദ്യാർത്ഥികളായ അസ്‌ലം അഹദ്, ടി.എ റിഷാൻ ഇബ്രാഹിം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോളേജ് തലത്തിൽ പാലക്കാട്‌ എൻ.എസ്.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായ പി നവനീത് കൃഷ്ണൻ, പി നയന എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കുമരംപുത്തൂർ കല്ലടി എച്ച്. എസ്.എസിലെ വിദ്യാർത്ഥികളായ അധ്വൈദ് രമേഷ്, അഭിമന്യു രമേഷ് എന്നിവരും മൂന്നാം സ്ഥാനം കടമ്പൂർ ജി.എച്ച്.എസ്. എസിലെ വി ശ്രീഹരി, പി.എം അനാമിക എന്നിവരും കരസ്ഥമാക്കി.

കോളേജ് വിഭാഗത്തിൽ ചിറ്റൂർ ഗവ കോളേജിലെ വിദ്യാർത്ഥികളായ എ എൻ അബ്ദുൽ സലാം , എസ് അശ്വിൻ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പട്ടാമ്പി റീജിനൽ സെന്ററിലെ വിദ്യാർത്ഥികളായ കെ.ജി പ്രിൻസ്, എ. നൗഷാദ് എന്നിവർ മൂന്നാസ്ഥാനവും കരസ്ഥമാക്കി.

രാവിലെ 10 മുതൽ സ്‌കൂള്‍ തല മത്സരങ്ങളും ഉച്ചയ്ക്ക് 2.30 മുതൽ കോളേജ് തല മത്സരങ്ങളും നടന്നു. സ്‌കൂള്‍ തല മത്സരത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 29 ടീമുകളും, കോളേജ്തല മത്സരങ്ങളില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 52 ടീമുകളുമാണ് പങ്കെടുത്തത്.

മത്സരത്തിൽ 20 ചോദ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു പ്രാഥമിക റൗണ്ട്. ആദ്യ റൗണ്ടിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് പേരടങ്ങിയ ആറ് സംഘങ്ങളാണ് അവസാനഘട്ടത്തിൽ മത്സരിച്ചത്. ഈ ഘട്ടത്തിൽ വിജയിച്ച ആദ്യ മൂന്ന് സ്കൂൾ, കോളേജ് തലങ്ങളിലെ ടീമുകൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും. അവസാന ഘട്ടത്തിൽ 42 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. സംസ്‍കാരികം, കായികം, അന്താരാഷ്ട്രം, സാങ്കേതിക വിദ്യ, തുടങ്ങി വിവിധ വിഷയങ്ങൾ സ്പർശിച്ച ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.

സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.

തിരുവല്ല മാര്‍ത്തോമ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊ. ഡോ. ജി.കെ ആഗ്നേയ് മത്സരത്തിന് നേതൃത്വം നല്‍കി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ ഉണ്ണികൃഷ്ണൻ സ്കൂൾ വിഭാഗം വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നൽകി. കോളേജ് തലത്തിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. കെ ഷീല ദേവി നൽകി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. എം സലീന ബീവി, സി.എം മെഗാ ക്വിസ് ജില്ലാ തല നോഡൽ ഓഫീസർ( കോളേജ് വിഭാഗം) കെ ആർ രമേശ്‌ ബാബു എന്നിവർ സമാപന പരിപാടിയിൽ പങ്കെടുത്തു.

comments

Check Also

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവച്ച് മരിച്ചു

ബംഗളൂരു: പ്രമുഖ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ സി.ജെ റോയ് (56) സ്വയം വെടിവച്ച് മരിച്ചു. പ്രമുഖ ഭവന നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് …