തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതി പോലീസില്‍ മൊഴി നല്‍കി. രക്ഷപ്പെടാന്‍ കരഞ്ഞ് കാല് പിടിച്ചിട്ടും രാഹുല്‍ ഉപദ്രവിച്ചെന്നാണ് മൊഴിയില്‍. പലതവണയായി ഭീഷണിപ്പെടുത്തി രാഹുലിന്റെ അടുത്തേക്ക് എത്തിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ സംഭവം പുറത്ത് പറയാതിരുന്നതെന്നും യുവതിയുടെ മൊഴിയിലുണ്ട്. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ആദ്യത്തെ ബലാത്സംഗക്കേസില്‍ ഈ മാസം 15വരെ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അടിസ്ഥാന രഹിതമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
Prathinidhi Online