കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല. പുതിയ വോട്ടർ പട്ടിക പുറത്ത് വന്നപ്പോഴാണ് സംവിധായകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വി.എം വിനുവിന് വോട്ടില്ലെന്ന വിവരം സ്ഥാനാർത്ഥിയുടേയും പാർട്ടിയുടേയും ശ്രദ്ധയിൽ പെടുന്നത്. ഇതോടെ വി.എം വിനുവിന് മത്സരിക്കാനാകില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് നിബന്ധനയുണ്ട്. വിനുവിൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിക്കുകയും കല്ലായി ഡിവിഷനിൽ വിനു പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വി.എം വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പിലെ മേൽവിലാസത്തിലായിരുന്നു വോട്ട്. ഇവിടെ നിന്ന് താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്യാത്തതിനാൽ വോട്ടർ പട്ടികയിൽ പേരുണ്ടാവും എന്ന ഉറപ്പിലായിരുന്നു പാർട്ടിയും സ്ഥാനാർത്ഥിയും.
പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്‍റെ പേരുണ്ടായിരുന്നില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സ്ഥാനാർത്ഥി അയോഗ്യനായതോടെ കോര്‍പറേഷനിൽ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്. ദീര്‍ഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വിഎം വിനുവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 5 വർഷമായി വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിയാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തന്റെ വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നുമാണ് വി.എം. വിനു ഇതിനോട് പ്രതികരിച്ചത്. കോടതിയും നിയമവ്യവസ്ഥയും നിലവിലുണ്ടെന്നും വ്യാഴാഴ്ച മുതൽ കോഴിക്കോട്ടെ എല്ലാ വാർഡുകളിലും ഇറങ്ങി പ്രചാരണം നടത്തുമെന്നും വിനു പറഞ്ഞു.
Prathinidhi Online