മാലിന്യത്തിൽ നിന്ന് സൗന്ദര്യക്കൂട്ടുകൾ; സരസ് മേളയിൽ വിസ്മയം തീർത്ത് ഗീത

പാലക്കാട്: മാലിന്യത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി ശ്രദ്ധ നേടുകയാണ് സംരംഭകയായ ഗീത. ക്ഷേത്രങ്ങളിൽ പൂജ കഴിഞ്ഞ് നീക്കം ചെയ്യുന്ന പുഷ്പങ്ങളും ഇലകളുമുപയോഗിച്ച് ഔഷധഗുണമുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണിവർ. പാലക്കാട് നടക്കുന്ന കുടുംബശ്രീയുടെ സരസ് മേളയിലെ ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നും വടക്കഞ്ചേരി വണ്ടാഴി സ്വദേശിനിയായ ഗീതയുടെ സ്റ്റാളാണ്.  വണ്ടാഴി ഗ്രാമപഞ്ചായത്തിലെ അനുശ്രീ കുടുംബശ്രീ അംഗമാണ് ഗീത.

ഉണങ്ങിയ പൂക്കളും ഇലകളും സംസ്‌കരിച്ചെടുത്ത് ത്വക്ക് സംരക്ഷണത്തിനുള്ള സോപ്പുകൾ, ഹെർബൽ ഹെയർ ഓയിൽ, സൗന്ദര്യവർധക പൗഡറുകൾ എന്നിവ ഗീത നിർമിക്കുന്നുണ്ട്. ഇതിനുപുറമെ നീർക്കെട്ടിനുള്ള ബാഷ്പ തൈലം, പൽപ്പൊടി, വെരിക്കോസ് ഓയിൽ തുടങ്ങി ഔഷധഗുണമുള്ള ഒട്ടേറെ ഉൽപ്പന്നങ്ങളും ഈ സംരംഭത്തിലൂടെ വിപണിയിലെത്തുന്നു. പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾക്കാവശ്യമായ പുഷ്പങ്ങൾ ശേഖരിക്കുന്നത്. തൃശൂരിൽ ആയുർവേദ ഡോക്ടറുടെ സഹായിയായി 25 വർഷത്തോളം പ്രവർത്തിച്ച പരിചയമാണ് ഗീതയുടെ ഈ വിജയത്തിന് പിന്നിൽ. സ്വന്തമായി എണ്ണ കാച്ചി വിറ്റുകൊണ്ടായിരുന്നു തുടക്കം. ഗുണമേന്മ കണ്ട് ആവശ്യക്കാർ ഏറിയതോടെയാണ് ക്ഷേത്രമാലിന്യങ്ങളെ ഉപയോഗപ്പെടുത്തി സംരംഭം വിപുലീകരിച്ചത്.

comments

Check Also

പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് …