അഴിമതി ആരോപണം: എലപ്പുള്ളി പഞ്ചായത്ത് ഉപരോധിച്ചു

പാലക്കാട്: അഴിമതി ആരോപിച്ച് എലപ്പുള്ളി പഞ്ചായത്ത് സിപിഐഎം ഉപരോധിച്ചു. ലൈഫ് മിഷനിലൂടെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കണം, കുടുംബശ്രീക്ക് ഗ്രാന്‍ഡ് അനുവദിക്കണം, തൊഴിലുറപ്പു പദ്ധതിയില്‍ നൂറുദിനം തൊഴില്‍ അനുവദിക്കുക, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എലപ്പുള്ളി ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കുന്നതിന്റെ മുന്‍പേയായിരുന്നു സിപിഐഎമ്മിന്റെ പ്രതിഷേധം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ബോര്‍ഡ് മീറ്റിങിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ പ്രതിഷേധക്കാര്‍ അകത്തേക്ക് കയറ്റിവിടാത്തത് സംഘര്‍ഷത്തിനിടയാക്കി. രാവിലെ 8 മണിമുതല്‍ സിപിഐഎം പ്രവര്‍ത്തകര്‍ പഞ്ചായത്തിന്റെ രണ്ട് ഗെയ്റ്റും പൂട്ടി പ്രതിഷേധം തുടങ്ങിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രതിഷേധം കാരണം അകത്ത് കയറാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് പൊള്ളാച്ചി പാത ഉപരോധിച്ചു. പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് രേവതി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം ബ്രൂവറിക്കെതിരായ ബോര്‍ഡ് യോഗം അട്ടിമറിക്കാനാണ് സിപിഐഎം ശ്രമമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. ഒയാസിസ് മദ്യ കമ്പനിക്കെതിരെ നിയമ നടപടിയടക്കം തീരുമാനിക്കാനുള്ള യോഗം തടസ്സപ്പെടുത്തുകയാണ് സിപിഐഎം ലക്ഷ്യമെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഭരണസമിതി യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരും. ഒയാസിസ് കമ്പനിക്ക് അനുമതി കൊടുക്കുന്ന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുക, ഒയാസിസ് കമ്പനിക്കെതിരെ പ്രമേയം പാസാക്കിയ ഗ്രാമസഭയ്ക്ക് അംഗീകാരം നല്‍കുക എന്നതടക്കമുള്ള അജണ്ടകളാണ് ഭരണ സമിതി യോഗത്തില്‍ ഉണ്ടായിരുന്നത് എന്നാണ് ഭരണസമിതി പറയുന്നത്.

പലതവണ ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് സംഘര്‍ഷമൊഴിവാക്കിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …