ശബരിമല: ഭക്തജന പ്രവാഹത്തിൽ സ്തംഭിച്ച് ശബരിമല. തിരക്ക് നിയന്ത്രണാതീനമായതോടെ പോലീസും ഉദ്യോഗസ്ഥരും നോക്കി നിൽക്കേണ്ട അവസ്ഥയാണ്. തിക്കിലും തിരക്കിലും പെട്ട് കൊയിലാണ്ടി സ്വദേശിയായ ഒരു സ്ത്രീ പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചിട്ടുണ്ട്. പതിനെട്ടാംപടി കയറ്റം താളംതെറ്റിയിരിക്കയാണ്. ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ സന്നിധാനത്തേക്ക് പ്രവേശിച്ചതോടെ വലിയ അപകടഭീതിയാണ് സന്നിധാനത്ത് നിലനിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ എരുമേലി നിലയ്ക്കൽ റൂട്ടിൽ കണമല ഭാഗത്ത് വാഹനങ്ങൾ തടയുകയാണ്.
ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിങ് ദിവസം 20,000 പേർക്കു മാത്രമാക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാനുള്ള സൗകര്യം നിലയ്ക്കലിൽ ഏർപ്പെടുത്തുന്നുണ്ട്. മരക്കൂട്ടം –ശരംകുത്തി– സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
ആയിരങ്ങളാണ് ശബരിമലയിൽ പ്രവേശിക്കാൻ കഴിയാതെ തിരിച്ചു പോയത്. വെള്ളവും ഭക്ഷണവും ലഭിക്കാതെ ആളുകൾ വലയുകയാണ്. തീർഥാടന ഒരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും പൊലീസും കാട്ടിയ അനാസ്ഥയാണ് തീർഥാടനം കുളമാക്കിയത് എന്ന ആരോപണം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തിൽ തന്നെ ഒരു ലക്ഷത്തിലധികം തീർഥാടകർ ശബരിമലയിലെ ത്തി എന്നാണ് കണക്ക്. കഴിഞ്ഞ വർഷം മണ്ഡലകാലത്തിൻ്റെ ആദ്യ ദിവസം 29000 പേരാണ് വന്നതെങ്കിൽ ഇത്തവണ അത് 55000 പേരാണ്. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധിം നീളുന്ന അവസ്ഥയാണ് നിലവിൽ.
ശബരിമലയിൽ അപകടകരമായ രീതിയിൽ ജനത്തിരക്കാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ബുക്കിങ് ആദ്യ ദിവസം തന്നെ തീർന്നതായും തിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസേന ചൊവ്വാഴ്ച എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Prathinidhi Online