മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്; വാട്‌സ്ആപ്പില്‍ മെസേജ് അയച്ച് തട്ടിയത് 10ലക്ഷത്തിലേറെ

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും സാമ്പത്തിക തട്ടിപ്പ്. എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ് വഴി വ്യാജ സന്ദേശമയച്ച് ദമ്പതികളുടെ 10.54 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമാണ് സൈബര്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഇടപ്പള്ളി അഞ്ചുമന സ്വദേശി ടി.ആര്‍ അപ്പുക്കുട്ടന്‍ നായര്‍, ഭാര്യ ആശാദേവി എന്നിവര്‍ക്കാണ് പണം നഷ്ടമായത്.

സെപ്തംബര്‍ 13നായിരുന്നു തട്ടിപ്പ്. സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയില്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് സ്ഥിരനിക്ഷേപമുണ്ടാിയിരുന്നു. നിയമലംഘനം നടത്തിയെന്നും പിഴയടയ്ക്കണമെന്നും കാണിച്ച് ദമ്പതികളെ വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം സമീപിക്കുന്നത്. വിവരങ്ങളറിയാന്‍ വാട്‌സ്ആപ്പില്‍ പങ്കുവച്ച ലിങ്കില്‍ കയറി നിര്‍ദേശങ്ങള്‍ പിന്തുടരാനായിരുന്നു നിര്‍ദേശം. എം പരിവാഹന്റെ പേരില്‍ വ്യാജ ചലാന്‍ എപികെ ഫയലായാണ് അപ്പുക്കുട്ടന്‍ നായരുടെ മൊബൈലിലേക്ക് അയച്ചത്. ഫോണിന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന എപികെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപിയും സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്.

ബാങ്കിലെ സ്ഥിര നിക്ഷേപം ക്ലോസ് ചെയ്യുകയും ഇതിലെ പണം ഇരുവരുടേയും പേരിലുണ്ടായിരുന്ന സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഈ തുക തട്ടിയെടുക്കുകയായിരുന്നു. സ്ഥിര നിക്ഷേപത്തിന് പുറമെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് 1,55,000 രൂപയും കൈക്കലാക്കി. പണം പോയിരിക്കുന്നത് ഇതേ ബാങ്കിലെ മറ്റൊരു ഇടപാടുകാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗാള്‍ സ്വദേശിയായ മറ്റൊരാളുടെ അക്കൗണ്ടാണിത്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …