പാലക്കാട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുനല്‍കി; പൊതുദര്‍ശനത്തിനിടെ മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീഴ്ച തിരിച്ചറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പൊതുദര്‍ശനത്തിനിടെ മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അസാധാരണ സംഭവമാണ് അരങ്ങേറിയത്. മുണ്ടൂര്‍ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലടക്കം പ്രശ്‌നം നേരിടുമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കളോട് പറഞ്ഞശേഷമാണ് മൃതദേഹം കൊണ്ടുപോയത്.

ഞായറാഴ്ച വീട്ടില്‍ പൊതുദര്‍ശനം നടക്കുന്നതിനിടെ രാത്രി 9 മണിയോടെ ആശുപത്രി ജീവനക്കാര്‍ പൊലീസുമായി എത്തി മൃതദേഹം തിരികെവാങ്ങി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജില്ലാ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.

സെപ്റ്റംബര്‍ 25നാണ് വിഷം കഴിച്ച നിലയില്‍ ഗുരുതരാവസ്ഥയിലായ സദാശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐസിയുവില്‍ ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച മരണം സംഭവിച്ചു. വിഷം കഴിച്ച് മരിച്ചതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ഉണ്ടാകുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആളായതിനാല്‍ സാധാരണ രീതിയില്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുകൊടുക്കുകയായിരുന്നു. ആശുപത്രിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഇത് പൊതുസമൂഹം അറിയേണ്ടതിനാലാണ് പുറത്ത് പറഞ്ഞതെന്നും പരാതി ഇല്ലെന്നും ബന്ധു പി.എന്‍ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നതിനാല്‍ സ്വാഭാവിക മരണമാണന്ന് കരുതിയെന്നാണ് ആശുപത്രി സുപ്രണ്ടിന്റെ വിശദീകരണം.

 

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …