പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയില്‍ വീടിന്റെ ഭാഗം ഇടിഞ്ഞുവീണ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതും അടിയന്തിര ചികിത്സ കിട്ടാത്തതും മരണ കാരണമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നവംബര്‍ 8നാണ് പാതി പണികഴിഞ്ഞ വീടിന്റെ സണ്‍ഷെയ്ഡ് ഇടിഞ്ഞ് വീണ് അജയ്-ദേവി ദമ്പതികളുടെ മക്കളായ ആദിയും അജിനേഷും മരിച്ചത്. മരിച്ച ഏഴുവയസുകാരന്‍ ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിലുമാണ് പരിക്കേറ്റത്. തുടയെല്ലിലെ മുറിവിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍. നാലുവയസുകാരന്‍ അജിനേഷിന് തലക്കും നെഞ്ചിലുമാണ് ഗുരുതര പരിക്കേറ്റത്. കുട്ടിയെ വൈകിയെത്തിച്ചത് മരണത്തിലേക്ക് നയിച്ചെന്ന് കോട്ടത്തറ ആശുപത്രി അധികൃതര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദിയെ ആശുപത്രിയിലെത്തിക്കുമ്പോഴും ചെറിയ അനക്കമുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തുടയെല്ലിലെ പൊട്ടല്‍ കാരണം ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റും മുമ്പെ കുട്ടി മരിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിച്ചില്ലെന്നും നേരത്തേ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മുക്കാലിയില്‍ നിന്നും നാല് കിലോമീറ്റര്‍ വനത്തിനുള്ളിലുള്ള കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ സ്‌കൂട്ടറിലാണ് ഊരില്‍ നിന്നും പുറത്തെത്തിച്ചത്. വനംവകുപ്പിന്റെ ഓഫീസില്‍ എത്തിച്ച കുട്ടികളെ അവിടെ നിന്നും ജീപ്പില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൊബൈല്‍ സിഗ്നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകട വിവരം പുറത്തറിയാന്‍ വൈകിയതും വലിയ അപകടത്തിലേക്ക് കാര്യങ്ങളെത്തിച്ചു.
അപകടത്തില്‍ കുട്ടികളുടെ ബന്ധുവായ അഭിനയ (6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. വനം വകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആള്‍താമസമില്ലാത്ത പാതി പണികഴിഞ്ഞ വീട്ടില്‍ കളിക്കാന്‍ പോയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വര്‍ഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.
Prathinidhi Online