‘അര്‍ഹതയുണ്ടായിട്ടും വീട് ലഭിച്ചില്ല’; പഞ്ചായത്തിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് കുടുംബം

പാലക്കാട്: അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചില്ലെന്ന പരാതിയുമായി യുവതിയും കുടുംബവും. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ 7ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ മേനാത്ത് വീട്ടില്‍ പ്രബിതയും ഭര്‍ത്താവ് വിജയനുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷിത ഭവനമൊരുക്കാന്‍ പഞ്ചായത്ത് സഹായിച്ചില്ലെങ്കില്‍ രണ്ട് മക്കളേയും ചേര്‍ത്ത് ആത്മഹത്യ ചെയ്യുമെന്നും കുടുംബം പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് പ്രബിതയും രണ്ടുമക്കളും താമസിക്കുന്നത്. 2018ല്‍ വീടിന് അപേക്ഷ നല്‍കുകയും ഏറ്റവും മുന്‍ഗണനയുള്ള കുടുംബം എന്ന നിലയില്‍ ഗ്രാമസഭ ഏകകണ്ഠമായി ഇവരുടെ വീട് പാസാക്കുകയും മിനുറ്റ്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തതാണ്. ഓട്ടോ ഡ്രൈവറായ വിജയന് ഭാഗം കിട്ടിയ ഏഴ് സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിക്കാനായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. എട്ട് വയസുള്ള പെണ്‍കുട്ടിയും ആറ് വയസുള്ള ഭിന്നശേഷിക്കാരനായ ആണ്‍ കുട്ടിയുമടങ്ങുന്നതാണ് കുടുംബം. അടുത്തിടെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് പ്രബിതയുടെ കാലിന് പരിക്കേറ്റിരുന്നു. എന്നിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ നവകേരള സദസിലും, പരാതി പരിഹാര പോര്‍ട്ടലിലും സി.എം വിത്ത് മീ യിലും ജില്ലാ കലക്ടര്‍ക്കും ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയിലും പരാതി നല്‍കിയതായി കുടുംബം പറയുന്നു. വാടക കൊടുക്കാന്‍ കഴിവില്ലാത്തതിനാല്‍ വാസയോഗ്യമല്ലാത്ത വീട്ടില്‍ ടാര്‍പൊളിന്‍ ഷീറ്റിട്ടാണ് കുടുംബം താമസിക്കുന്നത്. വീടിന്റെ ശോചനീയാവസ്ഥ കാരണം കുട്ടികളെ തനിച്ചാക്കി രണ്ടുപേര്‍ക്കും ഒരുമിച്ച് ജോലിക്ക് പോകാന്‍ കഴിയുന്ന സാഹചര്യമില്ലെന്നും കുടുംബം പറയുന്നു. തുച്ഛ വരുമാനക്കാരനായ വിജയന് കുട്ടികളുടെ ചികിത്സക്കും മറ്റുമായി നല്ലൊരു തുക കണ്ടെത്തേണ്ടി വരുന്നുണ്ട്. വായ്പ എടുത്ത് വീട് വെക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ കുടുംബം ഒന്നിച്ച് പഞ്ചായത്തിന്റെ മുന്നില്‍ ജീവനൊടുക്കേണ്ട സാഹചര്യമാണുള്ളതെന്നും പ്രബിതയും വിജയനും പറഞ്ഞു. മക്കളായ ദേവശ്രീ (8), ശ്രീദേവ് (6) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …