നിരതെറ്റിയ പല്ലുകളും പരിഹാര മാര്‍ഗ്ഗങ്ങളും

പലപ്പോഴും ഉന്തിയതും നിരതെറ്റിയതുമായ പല്ലുകള്‍ ഒരു വ്യക്തിയുടെ ആത്മവിശ്വാസം തന്നെ തകര്‍ത്തു കളയാറുണ്ട്. അപകര്‍ഷതാ ബോധത്തില്‍ ഇത് മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിക്കാനായി മന:പ്പൂര്‍വ്വം ചിരിക്കാതിരിക്കുന്ന അല്ലെങ്കില്‍ വായ പൊത്തി ചിരിക്കുന്ന നിരവധി പേരെ നമുക്ക് ദൈനംദിന ജീവിതത്തില് കാണാനാകും.

നിരതെറ്റിയ പല്ലുകള്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍

പാരമ്പര്യം
പല്ലിന്റെ എണ്ണത്തിലോ വലിപ്പത്തിലോ ആകൃതിയിലോ വരുന്ന അപാകത. പാല്‍പ്പല്ലുകളുടെ അകാല നഷ്ടമോ പാല്‍പ്പല്ലുകള്‍ പൊഴിയേണ്ട സമയത്ത് പൊഴിഞ്ഞു പോകാതെയിരുന്നാലോ ഭാവിയില്‍ സ്ഥിര ദന്തങ്ങള്‍ നിരതെറ്റി വരുന്നതിനിടയാക്കാം.
ജന്മനാല്‍ ഉണ്ടാകുന്ന മുച്ചിറി
നാവ് ഉന്തല്‍, വിരല്‍ കുടിക്കല്‍, നഖം കടിക്കല്‍, ചുണ്ട് കടിക്കല്‍ പോലുള്ള ശീലങ്ങള്‍. ദന്തക്ഷയം, നാസികയും ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.
പോഷകാഹാരക്കുറവ്
അഡിനോയിഡുകളുടേയും ടോണ്‍സിലുകളുടേയും ചില പ്രശ്‌നങ്ങള്‍ കുട്ടികളുടെ മുഖവളര്‍ച്ചയെ ബാധിക്കാം.

പലരും ധരിച്ച് വച്ചിരിക്കുന്ന പോലെ വെറുമൊരു സൗന്ദര്യ വര്‍ദ്ധക ചികിത്സ മാത്രമല്ല ദന്തക്രമീകരണം. വായയും പല്ലുകളും പല്ലുകള്‍ തമ്മിലുള്ള കടിയും അതുമായി ബന്ധപ്പെട്ട എല്ലുകളുടെ ആരോഗ്യവും മോണ ആരോഗ്യത്തോടെ സംരക്ഷിക്കാനും പല്ലിന്റെ ആകൃതിയും കരുത്തും നഷ്ടപ്പെടാതിരിക്കാനുമൊക്കെ ദന്തക്രമീകരണ ചികിത്സ സഹായിക്കും.

ദന്തക്രമീകരണ ചികിത്സാ രീതികള്‍
7 വയസ്സു മുതല്‍ ദന്തക്രമീകരണ ചികിത്സാ സംബന്ധമായ തയ്യാറെടുപ്പുകള്‍ നടത്താവുന്നതാണ്. 7 വയസ്സു മുതല്‍ കുട്ടികളെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ദന്തരോഗ വിദഗ്ദനെ സന്ദര്‍ശിച്ച് പല്ലുകളുടെയും താടിയെല്ലിന്റെയും വളര്‍ച്ചയും ആരോഗ്യവും പരിശോധിപ്പിക്കേണ്ടതാണ്. 12 വയസ്സാണ് പല്ലില്‍ കമ്പി ഇട്ടുള്ള ചികിത്സാ പ്രായമായി പറയുന്നതെങ്കിലും കുട്ടികളുടെ ദന്ത വൈകല്യവും മറ്റ് പ്രത്യേകതയുമനുസരിച്ച് പ്രായത്തില്‍ വ്യത്യാസം വരാം. 7-8 വയസ്സില്‍ തന്നെ കാണാനെത്തുന്ന കുട്ടികളിലെ ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തേ തന്നെ കണ്ടെത്തി ചികിത്സിക്കാവുന്നതാണ്.

ചികിത്സകള്‍

  1. പല്ലില്‍ കമ്പി ഇട്ടുള്ള ദന്തക്രമീകരണ ചികിത്സ
    പല്ലിന്റെ ഉപരിതലത്തില്‍ ഒട്ടിച്ചു വയ്ക്കുന്ന കട്ടകള്‍ പോലുള്ള മുത്തുകള്‍, ഇലാസ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ച് പല്ലുകളിലും പല്ലുകള്‍ക്ക് ചുറ്റുമുള്ള എല്ലുകളിലും നിയന്ത്രിതവും ക്രമവുമായ മര്‍ദ്ദം ചെലുത്തിയാണ് പല്ലുകളെ ശരിയായ സ്ഥാനത്തേക്ക് നീക്കുന്നതും ആരോഗ്യകരമായ ദന്തക്രമീകരണം സാധ്യമാക്കുകയും ചെയ്യുന്നത്.
  2. പല്ലുകളുടെ വശങ്ങളിലായി ഒട്ടിച്ചുവയ്ക്കുന്ന മുത്തുകള്‍
    മുത്തുകള്‍ ലോഹനിര്‍മ്മിതമായതും വെള്ള നിറത്തിലുള്ളതും ലഭ്യമാണ്. പല്ലുകളുടെ പിന്‍ഭാഗത്ത് മുത്തുകള്‍ ഒട്ടിച്ചുകൊണ്ട്, പുറമേ കാണാത്ത രീതിയില്‍ ദന്തക്രമീകരണ ചികിത്സ ചെയ്യുന്ന രീതിയും നിലവിലുണ്ട്. മറ്റൊന്ന് കമ്പികളും മുത്തും ഇല്ലാതെ സുതാര്യമായ ട്രേകള്‍ ഉപയോഗിച്ച് ദന്തക്രമീകരമം സാധ്യമാക്കുന്ന ചികിത്സയാണ്.

ഇതിനു പുറമേ മറ്റ് ചികിത്സാ രീതികളും നിലവില്‍ ലഭ്യമാണ്.

നമ്മുടെ ആരോഗ്യം മാസികയില്‍ ഡോ.ജിപ്പി കൊക്കോട്ട് എഴുതിയ ലേഖനത്തില്‍ നിന്ന്‌

comments

Check Also

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി; രോഗബാധ 8നും 14നും ഇടയിലുള്ളവര്‍ക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്വിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ …