ബെര്‍ലിന്‍: ലോകത്തില്‍ ആദ്യമായി ഒരു രാജ്യത്ത് എഐ മന്ത്രി ഭരണസിരാകേന്ദ്രത്തില്‍ എത്തിയെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് ലോകം കേട്ടത്. അല്‍ബേനിയന്‍ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത മന്ത്രിയായി ‘ഡിയേല’ എന്ന് പേരിട്ട എഐ മോഡല്‍ എത്തിയതിലെ അത്ഭുതം ഇപ്പോഴും പലര്‍ക്കും മാറിയിട്ടില്ല. ഇപ്പോഴിതാ ഡിയേല ഗര്‍ഭിണിയാണെന്നും 83 കുട്ടികളെ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ (ബിജിഡി) സംസാരിക്കുന്നതിനിടെയാണ് റാമയുടെ വിചിത്ര പ്രഖ്യാപനം.
‘ഡിയെല്ലയുടെ കാര്യത്തില്‍ വലിയൊരു റിസ്‌ക് എടുത്തു. അതിനാല്‍ ആദ്യമായി ഡിയെല്ല ഗര്‍ഭിണിയായിരക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രി റാമയുടെ പ്രഖ്യാപനം. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഓരോ പാര്‍ലമെന്റ് അംഗത്തിനും ഓരോ കുട്ടി എന്ന നിലയില്‍ 83 സഹായികളെ നിര്‍മ്മിക്കും എന്നതിനാണ് ഇത്തരത്തില്‍ വളച്ചുകെട്ടി പ്രധാനമന്ത്രി പറഞ്ഞത്. ഇവ ഓരോരുത്തരും പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും പാര്‍ലമെന്റിലെ ചര്‍ച്ചകളുടെ രേഖകള്‍ സൂക്ഷിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു സഹായിയായി പ്രവര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. അംഗങ്ങളുടെ അഭാവത്തില്‍ അവരുടെ എഐ അസിസ്റ്റന്റുമാര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.
രാജ്യത്തിന്റെ പൊതുഭരണ സംവിധാനം സുതാര്യമാക്കാനും അഴിമതിമുക്തമാക്കാനുമാണ് കഴിഞ്ഞ സെപ്തംബറില്‍ എഐ മന്ത്രിയെ പാര്‍ലമെന്റിലേക്ക് നിയമിച്ചത്. 2026 അവസാനത്തോടെ ഈ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. എഐ മന്ത്രിയെ പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പൊതു ടെന്‍ഡറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനുള്ള ചുമതല ഡിയെല്ലയ്ക്കാണ്.
Prathinidhi Online