വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. ഒറ്റപ്പാലം അനുഗ്രഹയില്‍ ടി.കെ അനിത- ഡോ.സി.വി ഷണ്‍മുഖന്‍ ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗം ഡോക്ടറായി ജോലി ചെയ്ത് വരികായിരുന്നു. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിന്റെ ഭാഗമായ വൈക്കം തോട്ടുവക്കും തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണോ അമല്‍ യാത്ര ചെയ്തതെന്ന സംശയമാണ് പോലീസിന്. അതേസമയം അപകടമുണ്ടായ ഭാഗത്ത് കനാലിന് വരികളോ ഭിത്തിയോ ഇല്ലാത്തത് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാര്‍ പറയുന്നു.
ഡോക്ടര്‍ അമല്‍ സൂരജിന്റെ കാര്‍ അപകടത്തില്‍ പെട്ട നിലയില്‍

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്ന വിവരം പ്രദേശവാസികള്‍ അറിയുന്നത്. രാവിലെ നടക്കാന്‍ പോയ ആളുകള്‍ തോട്ടില്‍ കാറിന്റെ ചക്രങ്ങള്‍ പൊന്തിക്കിടക്കുന്നത് കാണുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ ആളുണ്ടെന്ന് മനസ്സിലായത്. ഉടന്‍തന്നെ അമലിനെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …