തൃശൂര്‍: വിവാദങ്ങള്‍ക്കിടെ തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിന്‍ വിജയിച്ചത്. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. യുഡിഎഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍, ഒരു സ്വതന്ത്രന്‍ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്.
രാവിലെ മുതല്‍ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് നിജി ജസ്റ്റിന്‍ മേയറാകുന്നത്. മൂന്നുപേരുകളാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ലാലി ജെയിംസ്, നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരുടേതായിരുന്നു. പണം നല്‍കിയാണ് ഡോ. നിജി ജസ്റ്റിന്‍ മേയര്‍ പദവി വാങ്ങിയതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലറായ ലാലി ജെയിംസ് ആരോപിച്ചിരുന്നു. നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെയാണ് തൃശൂര്‍ മേയറായി നിജി ജസ്റ്റിന്‍ മേയറാകുന്നത്.
വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ നഗരസഭയില്‍ 33 കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ളത്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നും വിജയിച്ച ഡോ. നിജി ജസ്റ്റിന്‍ ഗൈനക്കോളജിസ്റ്റു കൂടിയാണ്. എല്‍ഡിഎഫിനായി മത്സരിച്ചത് മുന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസിയാണ്. 13 വോട്ടുകളാണ് റോസിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച പൂര്‍ണ സുരേഷിന് എട്ടു വോട്ടുകളും ലഭിച്ചു.
Prathinidhi Online