തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി. എച്ചും റോഡ് ടെസ്റ്റും മാത്രം പാസായാല്‍ ഇനി പഴയത്പോലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. കാല്‍നട യാത്രക്കാരെ പരിഗണിച്ച് അതീവ ശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്കും റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നവര്‍ക്കും മാത്രമേ ഇനി മുതല്‍ ഡ്രൈവിംങ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലൈസന്‍സ് ടെസ്റ്റുകള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. റോഡ് മുറിച്ചു നടക്കുന്നതിനിടെയുള്ള കാല്‍നട യാത്രക്കാരുടെ മരണം സംബന്ധിച്ച ഹൈക്കോടതിയുടെ അടുത്തിടെയുണ്ടായ പരാമര്‍ശമാണ് പുതിയ മാറ്റത്തിന്റെ പിന്നില്‍. ഹോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ ഹോണ്‍ ഉപയോഗിക്കാവൂ എന്നാണ് അതിലൊന്ന്. പതിവായി, അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഹോണ്‍ ഉപയോഗിക്കുന്നത് നിയമ പ്രകാരം ശിക്ഷാര്‍ഹമാണെന്നും ഗതാഗത കമ്മീഷ്ണര്‍ പറഞ്ഞു.
ഡ്രൈവിംങ് സ്‌കൂളുകളില്‍ പുതിയ നിര്‍ദേശത്തിനനുസരിച്ച് ക്ലാസുകള്‍ നല്‍കുന്നുണ്ടോ എന്ന കാര്യം അതാത് ആര്‍.ടി.ഒമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ഡ്രൈവിങ് സ്‌കൂളുകളുടെ ക്ലാസ് മുറികളിലും റോഡുകളിലും എം.വി.ഡിമാര്‍ ഇതുസംബന്ധിച്ച പരിശോധന നടത്തണം.
Prathinidhi Online