പാലക്കാട്: ഇരുപതുവർഷത്തോളം ഡ്രൈവിംഗ് പരിശീലനവും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റും നടത്തിയിരുന്ന മലമ്പുഴയിലെ ഗ്രൗണ്ട് ഇനി ഉപയോഗിക്കാൻ പാടില്ലെന്ന ഇറിഗേഷൻ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതോടെ ഒട്ടേറെ ഡ്രൈവിംഗ് പഠിതാക്കളുടേയും ഡ്രൈവിംഗ് സ്കൂളുകളുടേയും ഭാവി അനിശ്ചിതത്വത്തിലായി. മറ്റൊരു സ്ഥലം കണ്ടെത്തുന്നതുവരെ ഇനി ഡ്രൈവിംഗ് ടെസ്റ്റോ പരിശീലനമോ പാലക്കാട് താലൂക്കിൽ ഉണ്ടായിരിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും പറയുന്നു. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലമായ ഇവിടെ സ്റ്റേഡിയം പണിയാനുള്ള നടപടികൾ ആരംഭിച്ചതിനാലാണ് ഒഴിഞ്ഞുപോകാനുള്ള കത്ത് നൽകിയിരിക്കുന്നത്. എന്നാൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതുവരെയെങ്കിലും തുടരാൻ അനുവദിച്ചാൽ ആ കാലയളവിൽ അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാനാവുമെന്നും ടെസ്റ്റുകൾ മുടങ്ങാതെ പഠിതാക്കൾക്ക് ലൈസൻസ് ലഭിക്കുമെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും പറഞ്ഞു. ഇതിനോടകം പല സ്ഥലങ്ങളും നോക്കിയെങ്കിലും താങ്ങാനാവാത്ത ഭീമമായ വാടകയാണ് സ്ഥല ഉടമകൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും അനിശ്ചിതത്വത്തിൽ
comments
Prathinidhi Online