ശബരിമല ദ്വാരപാലക ശില്‍പത്തില്‍ 1999ല്‍ തന്നെ സ്വര്‍ണം പൊതിഞ്ഞെന്ന് ദേവസ്വം രേഖകള്‍

കൊച്ചി: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിര്‍ണായകമായി ദേവസ്വം രേഖകള്‍. 1999 മെയ് 4ന് ശില്‍പത്തില്‍ സ്വര്‍ണം പൂശിയിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തു വന്നത്. 1997 മാര്‍ച്ച് 27ന് ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവനുസരിച്ചാണ് സ്വര്‍ണം പൊതിഞ്ഞത്. എന്നാല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാണ്. ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്. ദ്വാരപാലക ശില്‍പത്തിലുള്ളത് ചെമ്പാണെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.

1999ല്‍ തന്നെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് സ്‌പോണ്‍സറായിരുന്ന യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍ സെന്തില്‍ നാഥന്‍ വെളിപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള 24 ക്യാരറ്റിന്റെ 5 കിലോയോളം സ്വര്‍ണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് സെന്തില്‍ വെളിപ്പെടുത്തിയിരുന്നു. 30 കിലോയില്‍ അധികം സ്വര്‍ണ്ണമാണ് സന്നിധാനം സ്വര്‍ണ്ണം പൊതിയാന്‍ യുബി ഗ്രൂപ്പ് അനുവദിച്ചതെന്നും സെന്തില്‍ നാഥന്‍ പറഞ്ഞു. 1999 ല്‍ വിജയ് മല്യ ശില്‍പത്തില്‍ സ്വര്‍ണം പൂശിയപ്പോള്‍ യു.ബി ഗ്രൂപ്പിനായി പരിശോധിച്ചത് തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ നാഥനായിരുന്നു. 1999ല്‍ വിജയ് മല്യ ശ്രീകോവിലിന് സ്വര്‍ണം പൊതിഞ്ഞപ്പോള്‍ ദ്വാരപാലക ശില്‍പങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെന്ന് ദേവസ്വം രജിസ്റ്ററിലും മഹസറിലും വ്യക്തമാണ്. ഇതിനു പുറമേ സ്വര്‍ണം പൊതിഞ്ഞിരുന്നു എന്ന് സ്വിരീകരിക്കുന്ന നിര്‍ണായക മൊഴിയും ദേവസ്വം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. വിജയ് മല്യയുടെ സംഘത്തിലുണ്ടായിരുന്ന തൊഴിലാളിയായ മാന്നാറുകാരനാണ് മൊഴി നല്‍കിയത്. രണ്ട് ശില്‍പങ്ങളിലായി 800 ഗ്രാം സ്വര്‍ണം പൊതിഞ്ഞതെന്നാണ് മൊഴി.

ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണെന്നും അതില്‍ അര കിലോയില്‍ താഴെ മാത്രമാണ് സ്വര്‍ണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുബി ഗ്രൂപ്പിന്റെ പ്രതിനിധിയുടെ വെളിപ്പെടുത്തല്‍.

ഒരു പവനെന്നാല്‍ 8 ഗ്രാമും ഒരു കിലോ എന്ന് പറയുന്നത് 125 പവനുമാണ്. നിലവില്‍ 38 കിലോയുള്ള പാളിയില്‍ 397 ഗ്രാമാണ് സ്വര്‍ണമുള്ളത്. ഏതാണ്ട് 49 പവനാണ് നിലവിലുള്ളത്. ഇതിനൊപ്പം ആനുപാതികമായി അഞ്ച് പവന്‍ കൂടി കൂട്ടിയാലും 55 പവന് മുകളില്‍ വരില്ലെന്നും നാല് കിലോ സ്വര്‍ണം അടിച്ചുകൊണ്ട് പോയെന്ന് പറയുന്നത് വങ്കത്തരമാണെന്നുമായിരുന്നു പി.എസ്. പ്രശാന്തിന്റെ വാക്കുകള്‍.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …