പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്കാണ് സൗകര്യം ലഭിക്കുക. പോളിങ് ബൂത്തില്‍ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തി ഉടന്‍ മടങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
കാഴ്ച പരിമിതര്‍, അംഗപരിമിതര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അവശരായ വോട്ടര്‍മാര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. എന്നാല്‍ ഇതിനായി നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും പാലിക്കണം. എല്ലാ പോളിങ് ബൂത്തുകളിലും വൈദ്യുതി, ശുദ്ധജലം, ഫര്‍ണ്ണിച്ചര്‍, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. കൂടാതെ, വോട്ട് ചെയ്യാനായി പുറത്ത് ക്യൂവില്‍ കാത്തുനില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് ഇരിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആവശ്യമെങ്കില്‍ വിശ്രമിക്കുന്നതിനായി പോളിങ് ബൂത്തിന് സമീപം പ്രത്യേക മുറിയൊരുക്കും. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദപരമായിരിക്കും. ഹരിതച്ചട്ടം കര്‍ശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നും കമ്മീഷന്‍ അറിയിച്ചു.
Prathinidhi Online