പാലക്കാട്: കള്ളവോട്ടുകൾ തടയാനും ഇരട്ട വോട്ടുകൾ കണ്ടെത്താനും എഐ സാങ്കേതിക വിദ്യയെ ഉപയോഗിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയറിന് മുഖം തിരിച്ചറിയാനാവുമെന്നതിനാല്‍, ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു.
വോട്ടർ ഡാറ്റാബേസിലെ ഫോട്ടോകളും വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. മുഖ സാദൃശം നോക്കി എഐ ഒന്നിലധികം സ്ഥലങ്ങളിൽ ഒരാൾക്ക് വോട്ടുണ്ടോ എന്ന് കണ്ടെത്തും. ഫേഷ്യല്‍ മാച്ചിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. എഐ ഉപയോഗിക്കുന്നുണ്ടെങ്കിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) തന്നെയായിരിക്കും പ്രധാന പരിശോധകരെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Prathinidhi Online