കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പരിശോധന നടത്തുന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കസ്റ്റംസിനു പുറമേ ഇഡിയുടെ പരിശോധനയും നടക്കുകയാണ്. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ.ഡി അറിയിച്ചു. കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്.
ഇന്ത്യയിലേക്ക് ഭൂട്ടാന്‍- നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന വലിയ ശൃംഖലയെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇ.ഡി അറിയിച്ചത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, എംഇഎ എന്നിവയുടെ വ്യാജ രേഖകള്‍ ഉപയോഗിച്ചും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ പിന്നീട് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇ.ഡി പറയുന്നത്. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
Prathinidhi Online