തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിനിടയില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യഭ്യാസമന്ത്രി. എറണാകുളം ബംഗലൂരു റൂട്ടില്‍ പുതുതായി അനുവദിച്ച ട്രെയിനിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സംഭവം. വിഷയം അതീവ ഗൗരവത്തോടെ കാണുന്നുവെന്നാണ് പൊതു വിദ്യഭ്യാസവകുപ്പിന്റെ പ്രതികരണം. പൊതു വിദ്യഭ്യാസ ഡയറക്ടര്‍ വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച സംഭവിച്ചോ എന്നുള്ള കാര്യത്തിലും അന്വേഷണം നടക്കും. അതേസമയം ആര്‍എസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദ ഗാനമൊന്നുമല്ലല്ലോ ചൊല്ലിയതെന്നും വിവാദങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണെന്നും ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞു.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണ് ഗണഗീത വിവാദമെന്നാണ് മന്ത്രി ജോര്‍ജ്ജ് കുര്യന്റെ പ്രതികരണം. ഗാനത്തിന്റെ ഒരുവാക്കില്‍ പോലും സംഘടനയെ പരാമര്‍ശിക്കുന്നില്ലെന്നും ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
വന്ദേഭാരതിന്റെ കന്നി ഓട്ടത്തില്‍ കുട്ടികള്‍ ഗണഗീതം ആലപിക്കുന്നത് സതേണ്‍ റെയില്‍വേ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സ്‌കൂള്‍ കുട്ടികള്‍ ദേശഭക്തി ഗാനം പാടി എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിവാദത്തിന് ഇത് തിരികൊളുത്തി. തുടര്‍ന്ന് പോസ്റ്റ് ദക്ഷിണ റെയില്‍വേ പിന്‍വലിക്കുകയും പിന്നീട് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.
Prathinidhi Online