പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്നും പിന്‍വാങ്ങുന്നതായി എലപ്പുള്ളി ജനകീയ സമിതി. പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി സമിതി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് സെബാസ്റ്റിയന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് പിന്‍വാങ്ങല്‍.
ഏഴാം വാര്‍ഡില്‍ മദ്യക്കമ്പനിക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മണ്ണുക്കാട് സ്വദേശിയായ കേശവദാസിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. മണ്ണുകാട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന മദ്യക്കമ്പനിക്ക് പ്രാരംഭ അനുമതി ലഭിച്ചിരുന്നു. ഇതിനെതിരെ ജനകീയ സമിതി രൂപീകരിച്ച് ജനകീയ പോരാട്ടം നടക്കുന്നുണ്ട്.
എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവാണ് എലപ്പുള്ളി ജനകീയ സമിതിയുടെ അധ്യക്ഷ. സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പിന്തുണയുണ്ടാകുമെന്ന് നേരത്തേ സമരസമിതി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് സെബാസ്റ്റിയന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കില്ലെന്നും വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതായും ബിജെപി നേതൃത്വം ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്ന നിലപാടിലായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. പോരാട്ട ജനകീയ സമിതിയിലെ പ്രധാന ഭാരവാഹികളെല്ലാം കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ്.
Prathinidhi Online