പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയിട്ട് എലപ്പുള്ളി പഞ്ചായത്ത്. വാർഡ് 23 ലെ മായംകോട്, വള്ളേക്കുടം, പള്ളത്തേരി എന്നിവിടങ്ങളിലും വാർഡ് 22ലെ ഉതുവക്കാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ദിവസം ബാനറുകൾ സ്ഥാപിച്ചത്. “ശബരിമലയിലെ സ്വർണം കട്ടവർക്ക് എൻ്റെ വോട്ടില്ല” എന്നായിരുന്നു ബാനറിൽ. ബി ജെ പി സ്ഥാനാർത്ഥിയുടെ ബാനറിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോസ്റ്ററും സ്ഥാപിച്ചിരുന്നത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി എൽ. സുമയുടെ നേതൃത്വത്തിൽ രണ്ടിടങ്ങളിലെ ബാനറുകൾ അഴിച്ചു മാറ്റിയിരുന്നു. മറ്റിടങ്ങളിൽ സ്ഥാപിച്ച ബാനറുകൾ ബി ജെ പി പ്രവർത്തകർ തന്നെ അഴിച്ചു മാറ്റിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് ബി ജെ പി സ്ഥാനാർത്ഥിയിൽ നിന്ന് 5000 രൂപ പിഴയീടാക്കിയിട്ടുണ്ട്.
Prathinidhi Online