പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥിക്കൊരു സംശയം. തനിക്ക് എത്ര വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും? ഉടനെ ഫെയ്‌സ്ബുക്കില്‍ തന്റെ ആകാംക്ഷ പോസ്റ്റാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പോലും ഞെട്ടിച്ച് ഭൂരിപക്ഷം കൃത്യമായി വോട്ടര്‍ തന്നെ പ്രവചിച്ചു. കൊടുമ്പ് പഞ്ചായത്തിലെ 7ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ദീപക് ദീപുവാണ് തിരഞ്ഞെടുപ്പിന് ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ആകെ പോള്‍ ചെയ്ത വോട്ട് 959 ആണെന്നും ദീപക് ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതുകണ്ട ശബരി ഗിരീഷ് എന്നയാള്‍ 219 വോട്ടിന്റെ ഭൂരിപക്ഷമെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റിടുകയായിരുന്നു. ഫലം വന്നപ്പോഴാകട്ടെ പ്രവചനം കിറുകൃത്യം.
ശബരി ഗിരീഷിന്റെ പ്രവചനം കൃത്യമായതോടെ ഇയാളെ കാണാന്‍ ദീപക്കുമെത്തി. സമ്മാനമായി ഒരു ഗോള്‍ഡ് കോയിന്‍ ശബരി ഗിരീഷിന് നല്‍കിയെങ്കിലും സമ്മാനം നാട്ടിലെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് പറഞ്ഞ് ഇയാള്‍ തിരിച്ചു നല്‍കി. വാക്കു പാലിച്ചതില്‍ സന്തോഷമുണ്ടെന്നും ശബരി കൂട്ടിച്ചേര്‍ത്തു. ആര്‍മി ഉദ്യോഗസ്ഥനാണ് ശബരി ഗിരീഷ്. ദീപക് മത്സരിച്ച 7ാം വാര്‍ഡ് നേരത്തേ എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡ് ആയിരുന്നു. വാര്‍ഡ് ഇത്തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
Prathinidhi Online