ശബരിമല: സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. താല്‍ക്കാലിക ജീവനക്കാരനും തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശിയുമായ കെ.ആര്‍ രതീഷാണ് പിടിയിലായത്. 23,120 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചാണ് രതീഷിനെ വിജിലന്‍സ് പിടികൂടിയത്.
ജോലിക്കിടയില്‍ ബാത്ത്‌റൂമില്‍ പോകാനായി രതീഷ് എത്തിയപ്പോള്‍ വിജിലന്‍സ് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും 3000 രൂപ പിടികൂടി. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കുന്ന തുണികൊണ്ടുള്ള കയ്യുറയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 500ന്റെ 6 നോട്ടുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് 20130 രൂപ കൂടി കണ്ടെടുത്തത്. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗത്ത് വച്ച് കടത്തിയെന്നാണ് പോലീസ് അനുമാനിക്കുന്നത്. 24 മണിക്കൂറും ക്യാമറയും പോലീസ് നിരീക്ഷണവും വിജിലന്‍സ് പരിശോധനയും നടക്കുന്ന ഭണ്ഡാരത്തിന്റെ അടുത്തേക്ക് ഒറ്റമുണ്ട് ഉടുത്ത് മാത്രമേ ജോലിക്കാരെ കയറ്റി വിടാറുള്ളൂ.
അതേസമയം മാളികപ്പുറത്ത് നിന്നും അരിച്ചാക്കുകള്‍ക്കിടയില്‍ നിന്ന് 64354 രൂപ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ മേല്‍ശാന്തി മഠത്തിനോട് ചേര്‍ന്ന് അരിച്ചാക്കുകള്‍ സൂക്ഷിക്കുന്നിടത്ത് നിന്നാണ് വിജിലന്‍സ് പണം കണ്ടെത്തിയത്. വഴിപാട് അരി ചാക്കുകളിലായി സൂക്ഷിക്കുന്ന ഇടമാണിത്. കാണിക്ക ശേഖരിച്ച് ചാക്കു കെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
Prathinidhi Online