പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കടുവ സെന്‍സസിനായി പോയ സംഘത്തിലെ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഇന്ന് (ശനിയാഴ്ച) 12.30 ഓടെയാണ് സംഭവം. കടുവ സെന്‍സസിന് പോയ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ഒരുമിച്ചു കൂടിയപ്പോഴാണ് കാളിമുത്തുവിനെ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തിലാണ് മാരിമുത്തു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കടുവ സെന്‍സെസിന് വേണ്ടി മുള്ളി വന മേഖലയില്‍ എത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സെന്‍സസിനായി പോയിരുന്നത്. അച്യുതന്‍, കണ്ണന്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്. കാട്ടാന ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാളിമുത്തുവിന്റെ മൃതശരീരം അഗളി ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയില്‍ കടുവ സെന്‍സസിന് പോയ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. പുതൂര്‍ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെന്‍സസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. ഒരു രാത്രിക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.
Prathinidhi Online