പാലക്കാട്: മലമ്പുഴയില്‍ കണ്ട പുലിക്കായുള്ള തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രിയും പുലിക്കായുള്ള തിരച്ചില്‍ തുടരാനാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്.
പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തും ജയില്‍ ക്വാര്‍ട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും. പുലിയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ഞായറാഴ്ച രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പൊലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തിനാണ് വനംവകുപ്പ് പദ്ധതിയിടുന്നത്. രാത്രി പരിശോധനക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍എഫ്ഒ അറിയിച്ചു.
Prathinidhi Online