പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയായ വാസുവിനെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കമ്മീഷ്ണറായിരുന്ന കാലത്താണ് സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്നതാണ് വാസുവിനെതിരായ ആരോപണം.
സ്വര്‍ണക്കൊള്ള നടന്ന 2019ലാണ് വാസു ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറായി ജോലിചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ വാസു 2019 മാര്‍ച്ച് 19ന് നിര്‍ദേശം നല്‍കിയെന്ന് നേരത്തേ എസ്‌ഐടി സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇതേവര്‍ഷം മാര്‍ച്ച് 31ന് വാസു തല്‍സ്ഥാനത്ത് നിന്ന് മാറിയിരുന്നു.
സ്വര്‍ണംപൂശല്‍ കഴിഞ്ഞ ശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിച്ചോട്ടെ എന്നും ചോദിച്ച് പോറ്റി വാസുവിന് 2019ല്‍ മെയില്‍ അയച്ചിരുന്നു. ഇ-മെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് ഇതേക്കുറിച്ച് തിരക്കിയില്ലെന്നുമാണ് വാസു ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്. എന്നാല്‍ അധികം വന്ന സ്വര്‍ണം തിരിച്ചു പിടിക്കാന്‍ വാസു നടപടിയെടുത്തില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
Prathinidhi Online