തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം പോയതുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മുരാരി ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനം. മുരാരി ബാബുവിന് പിഴവ് സംഭവിച്ചു എന്ന് വിലയിരുത്തിയാണ് നടപടി. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണറാണ്.
2019ല്‍ ദ്വാരപാലക ശില്‍പത്തിലെ പാളി സ്വര്‍ണം ആയിരുന്നെങ്കിലും അത് ചെമ്പാക്കി മാറ്റിയുള്ള രേഖ ഇറക്കിയത് മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന കാലത്താണ്. സ്വര്‍ണപ്പാളികള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചെമ്പ് തെളിഞ്ഞതു കൊണ്ടാണ് വീണ്ടും പൂശാന്‍ നല്‍കിയതെന്നാണ് മുരാരി ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരുവാഭരണ കമ്മീഷ്ണര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധിച്ച ശേഷമാണ് 2019ല്‍ ഇളക്കിക്കൊണ്ടു പോയത്. 2019ല്‍ ഈ പ്രവൃത്തി നടക്കുമ്പോള്‍ താന്‍ ചാര്‍ജു മാറിയെന്നും പരിശോധനയില്‍ സ്വര്‍ണം പൂശിയത് തെളിഞ്ഞു ചെമ്പ് ആയിട്ടുള്ളത് വീണ്ടും പൂശാന്‍ അനുവദിച്ചു എന്നുമാണ് താന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് മുരാരി ബാബു പറഞ്ഞത്.
ദ്വാരപാലക ശില്‍പത്തിന് അറ്റകുറ്റ പണികള്‍ക്കായി 2024ല്‍ വീണ്ടും കൊടുത്തു വിടുണമെന്ന ഫയല്‍ എഴുതിയത് മുരാരി ബാബു എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന കാലത്താണ് എന്നും ദേവസ്വം വിജലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ആദ്യത്തെ നടപടിയാണ് മുരാരി ബാബുവിന്റെ സസ്‌പെന്‍ഷന്‍. നിലവില്‍ ഹൈക്കോടതി പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം വിഷയത്തില്‍ നടക്കുന്നുണ്ട്.
Prathinidhi Online