സ്വര്‍ണവില താഴേക്ക് തന്നെ; സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നത് അബദ്ധമാകുമോ?

പാലക്കാട്: തുടര്‍ച്ചയായ കുതിപ്പുകള്‍ക്ക് പിന്നാലെ സ്വര്‍ണവില താഴോട്ട് തന്നെ. ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 6080 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുതിച്ചുയര്‍ന്നിരുന്നത്.

ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രണ്ടു ശതമാനത്തിന് മുകളില്‍ സ്വര്‍ണവില കുറഞ്ഞ് 4019 ഡോളറിലേക്ക് താഴ്ന്നു. യു.എസ് – ചൈന വ്യാപാര തര്‍ക്കങ്ങള്‍ കുറയുന്നു എന്ന സൂചനയ്ക്ക് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഇതിന് പുറമെ സ്വര്‍ണത്തില്‍ ലാഭമെടുക്കല്‍ തുടര്‍ന്നതും സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയായി. ഡോളര്‍ സൂചിക ഉയരുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ഇത് സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയ്ക്കാന്‍ കാരണമായി.

ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഒരാഴ്ചയോളമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞവാരത്തില്‍ 3.30 ശതമാനത്തിന്റെ കുറവാണ് സ്വര്‍ണവിലയിലുണ്ടായത്. 4380 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമായിരുന്നു സ്വര്‍ണത്തിന്റെ തിരിച്ചിറക്കം. സ്വര്‍ണവില ഇനിയും കുറയുമെന്ന വിലയിരുത്തലും വിപണിയിലുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …