തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്തിയേക്കും. ഡിസംബർ 11 മുതലാണ് നടപ്പു വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് രണ്ടാം പാദ വാർഷിക പരീക്ഷകൾ നടക്കേണ്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 13നാണ് വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ക്രിസ്മസ് പരീക്ഷ നടത്താൻ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ട്. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സ്കൂളുകളാണ്. ഇതിനുപുറമേ അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടികളും ഉണ്ട്. ഡിസംബർ 13ന് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ 15 മുതൽ 19 വരെ 5 പ്രവൃത്തി ദിനങ്ങളാണുള്ളത്. 20 മുതൽ 28 വരെയാണ് അവധി. അതുകൊണ്ടുതന്നെ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി തുടക്കത്തിലും പരീക്ഷകൾ നടത്തേണ്ടി വരും.
വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗം ചേർന്നതിനുശേഷം വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.
Prathinidhi Online