കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി.എം വിനുവിന് മത്സരിക്കാനാകില്ല. കോഴിക്കോട് കോര്‍പറേഷനിലെ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് മത്സരരംഗത്ത് നിന്ന് പിന്മറേണ്ടി വരുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് വിനു കോടതിയെ സമീപിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് നോക്കാതെയാണോ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് രൂക്ഷമായ ഭാഷയില്‍ ഹരജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.
ഭരണകക്ഷിയില്‍ പെട്ടവര്‍ തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മനപ്പൂര്‍വ്വം നീക്കിയെന്നായിരുന്നു വിനു കോടതിയില്‍ വാദിച്ചത്. വി.എം വിനു സെലബ്രിറ്റിയാണെന്നും ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സെലബ്രിറ്റികള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് ചോദിച്ച കോടതി സെലബ്രിറ്റിയായത് കൊണ്ടുമാത്രം അനുകൂല ഉത്തരവ് നല്‍കാനാകില്ലെന്നും പറഞ്ഞു. സാധാരണ പൗരന്മാര്‍ക്കുള്ള അതേ നിയമം സെലബ്രിറ്റികള്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഹരജി പരിഗണിച്ചത്.
ഹരജി തള്ളിയതോടെ മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ കാര്യത്തിലെ അനുകൂല കോടതി ഉത്തരവ് ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ രണ്ടും രണ്ട് കേസാണെന്നും ഇവ തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വൈഷ്ണയുടെ പേര് പ്രാഥമിക പട്ടികയില്‍ അടക്കം ഉണ്ടായിരുന്നെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൊക്കെ വാര്‍ത്തയായി വന്നിരുന്നല്ലോയെന്നും സെലബ്രിറ്റികള്‍ പത്രം വായിക്കാറില്ലേയെന്നും കോടതി ചോദിച്ചു.
Prathinidhi Online