‘ഓടുന്ന വാഹനത്തില്‍ ഡ്രൈവറുടെ അടുത്തിരുന്ന് വീഡിയോ ചിത്രീകരിക്കണ്ട’ വിലക്കുമായി ഹൈക്കോടതി

കൊച്ചി: ഓടുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ അടുത്തിരുന്ന് റീലുകളും മറ്റും ചിത്രീകരിക്കുന്നതിന് വിലക്കുമായി ഹൈക്കോടതി. ബസുകളുടേയും ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ കമ്പാര്‍ട്ടുമെന്റില്‍ വെച്ച് വ്‌ലോഗുകള്‍ ചെയ്യുന്നത് തടയണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കോടതി ആവശ്യപ്പെട്ടത്.

വ്‌ലോഗര്‍മാര്‍ ഇത്തരത്തില്‍ വീഡിയോ എടുക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറുന്നതിനും റോഡപകടങ്ങള്‍ക്കും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. വാഹന ഉടമകളോ വ്‌ലോഗര്‍മാരോ നേരത്തേ ഇത്തരത്തില്‍ യൂട്യൂബിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും അപ്ലോഡ് ചെയ്ത വീഡിയോകള്‍ ശേഖരിക്കാന്‍ നേരത്തേ കോടതി മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ വീഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തില്‍ പെട്ടതും കോടതി കേസ് പരിഗണിക്കുന്നതിനിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

ഡി.ജെ ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍, പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റിനുള്ളിലെ മള്‍ട്ടി കളര്‍ എല്‍ഇഡി ലൈറ്റുകള്‍, ഹൈ പവര്‍ മ്യൂസിക് സിസ്റ്റങ്ങള്‍ എന്നിവ വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്‍വെര്‍ട്ടറും ഒന്നിലധികം ബാറ്ററികളും കോണ്‍ട്രാക്റ്റ് കാരിയേജുകളുടെ കമ്പാര്‍ട്ടുമെന്റിനുള്ളില്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താന്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …